വാഷിങ്ടൺ: അമേരിക്കയിൽ പ്രധാന വിമാനത്താവളങ്ങളിലെ യാത്രാദുരിതം പരിഹരിക്കാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റുമാരെ വിന്യസിച്ച് ഭരണകൂടം. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിലെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രാജ്യം ആറാമത്തെ ആഴ്ചയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ആണ് വിമാനത്താവളങ്ങളിൽ ഐസിഇ ഏജൻ്റുമാരെ കൂടി വിന്യസിക്കാനുള്ള തീരുമാനം ഭരണകൂടം കൈക്കൊണ്ടത്.
അറ്റ്‌ലാന്റ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിലെ 14 പ്രധാന വിമാനത്താവളങ്ങളിലാണ് നൂറുകണക്കിന് ഐസിഇ ഏജന്റുമാരെ ട്രംപ് ഭരണകൂടം നിയോഗിച്ചത്. എന്നാൽ സുരക്ഷാ പരിശോധനകളിൽ പ്രത്യേക പരിശീലനം ലഭിക്കാത്ത ഈ ഏജന്റുമാർക്ക് തിരക്ക് നിയന്ത്രിക്കുന്നതിൽ എത്രത്തോളം സഹായകരമാകാൻ കഴിയുമെന്ന കാര്യത്തിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
നിലവിൽ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് മണിക്കൂറുകളോളം നീളുന്ന ക്യൂവിൽ കാത്തുനിൽക്കേണ്ടി അവസ്ഥയാണ് ഉള്ളത്. സ്പ്രിങ് ബ്രേക്ക് അവധിക്കാലമായതിനാൽ തിരക്ക് വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ഏകദേശം മൂവായിരത്തിലധികം ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ അവധിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. ചില വിമാനത്താവളങ്ങളിൽ ഇത് ജീവനക്കാരുടെ ആകെ എണ്ണത്തിന്റെ 37 ശതമാനത്തോളം വരും. ശമ്പളമില്ലാതെ ജോലി ചെയ്യാൻ കഴിയില്ലെന്നും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണമില്ലാത്ത അവസ്ഥയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഐസിഇ ഏജന്റുമാരെ വിന്യസിക്കാൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ടോം ഹോമൻ തീരുമാനിച്ചത്.
