ന്യൂഡൽഹി: പുകയിലശീലം പൂർണമായി ഒഴിവാക്കിയാൽ ഇന്ത്യയിലെ 2.05 കോടി(11.5%) കുടുംബങ്ങൾക്ക് നിലവിലെ സാമ്പത്തിക സ്ഥിതിയിൽനിന്ന് ഒരുപടികൂടി ഉയരാൻ സാധിക്കുമെന്ന് റിപ്പോർട്ട്.
ഗ്രാമീണമേഖലകളിലും ദരിദ്ര കുടുംബങ്ങളിലുമാണ് ഇതിന്റെ ഗുണം കൂടുതൽ പ്രതിഫലിക്കുകയെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, നോയിഡയിലെ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ച് എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകർ ഉൾപ്പെടെയുള്ള സംഘമാണ് പഠനം നടത്തിയത്.
പുകയില മൂലമുണ്ടാകുന്ന രോഗങ്ങൾക്കുള്ള ചികിത്സയും അതുമൂലമുള്ള തൊഴിൽനഷ്ടവും ചേർന്ന് പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ ആഗോള സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
2.61 ലക്ഷം പേരെയാണ് പഠനവിധേയരാക്കിയത്. പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം ഏഴുദിവസത്തേക്ക് രേഖപ്പെടുത്തി പ്രതിമാസ ഗാർഹികച്ചെലവ് കണക്കാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
