എല്ലായിടത്തും പോസ്റ്റർ പതിക്കരുത്, സ്ഥലം ഉടമയുടെ അനുമതി വേണം; തെരഞ്ഞെടുപ്പ് പരാതികൾ 100 മിനിറ്റിൽ പരിഹരിക്കും

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് ചട്ട ലംഘനം സംബന്ധിച്ച പരാതികൾ 100 മിനിറ്റിൽ പരിഹരിക്കും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ, പൊതു- സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകൾ നീക്കം ചെയ്യുക, ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ ദുരുപയോഗം ചെയ്യാതിരിക്കുക, പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിരോധിക്കുക തുടങ്ങിയവ കർശനമായി പാലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

പൗരന്മാരുടെ സ്വകാര്യത മാനിക്കപ്പെടണം. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിങ്ങോ പാടില്ല. ഉടമയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളിലോ സ്ഥലങ്ങളിലോ, മതിലുകളിലോ കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കാനോ പാടില്ല. 1950 എന്ന നമ്പറിൽ പരാതികൾ അറിയിക്കുന്നതിനായി കോൾ സെൻ്റർ ഉൾപ്പെടെയുള്ള പരാതി പരിഹാര സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ബന്ധപ്പെട്ട ജില്ലാ ഇലക്ഷൻ ഓഫീസർ / റിട്ടേണിങ് ഓഫീസർമാർക്കോ പരാതി നൽകാം.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സി-വിജിൽ ആപ്പ് ഉപയോഗിക്കാം. പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫ്ലൈയിംഗ് സ്ക്വാഡുകളെയും, സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുമ്പായി ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ പോലീസിനെ മുൻകൂട്ടി അറിയിക്കണം. ഉച്ചഭാഷിണികൾക്കും മറ്റും ആവശ്യമായ അനുമതി വാങ്ങണം.
മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക ജോലികളെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി കൂട്ടിക്കലർത്താൻ പാടില്ല.

പ്രചാരണ ആവശ്യങ്ങൾക്കായി സർക്കാർ സംവിധാനങ്ങളോ വാഹനങ്ങളോ ഉദ്യോഗസ്ഥരെയോ ഉപയോഗിക്കരുത്. പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണം. എല്ലാ പാർട്ടികൾക്കും തുല്യ പരിഗണന നൽകുകയും ഔദ്യോഗിക സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിർത്താൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.

മൈതാനങ്ങളും ഹെലിപാഡുകളും പോലുള്ള പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് സുവിധ മോഡ്യൂൾ വഴി അപേക്ഷിക്കാം. ‘ആദ്യം അപേക്ഷിക്കു ന്നവർക്ക് ആദ്യം’ എന്ന ക്രമത്തിലായിരിക്കും ഇവ അനുവദിക്കുക.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആൻ്റി ഡീഫേസ്‌മെൻ്റ് സ്‌ക്വാഡിൻ്റെ നേതൃത്വത്തില്‍ 350 പ്രചരണ ബോര്‍ഡുകളാണ് നീക്കം ചെയ്തത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ 250 പോസ്റ്ററുകൾ, 70 ബാനറുകൾ, 50 മറ്റ് പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്. നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top