കാർ ചാർജ് ചെയ്യാനിട്ടിട്ട് വീട്ടുകാർ ഉറങ്ങാൻ കിടന്നു; പെട്ടെന്ന് ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറി

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ഇൻഡോർ: ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും ഏഴ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ഇൻഡോറിൽ ബ്രാജേശ്വരി അനക്സ് കോളനിയിലെ ഒരു മൂന്ന് നില വീട്ടിലുണ്ടായ ഈ അപകടത്തിൽ, ഒന്നിലധികം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് വൻ ദുരന്തമായി മാറിയത്.

പുലർച്ചെ 3:30നും 4:30നും ഇടയിലായിരുന്നു സംഭവം. കാർ ചാർജ് ചെയ്യുന്ന പോയിന്റിലുണ്ടായ പൊട്ടിത്തെറി സമീപത്തുണ്ടായിരുന്ന കാറിലേക്കും തുടർന്ന് മൂന്ന് നില വീട്ടിലേക്കും അതിവേഗം തീ പടർത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാർക്ക് തീവ്രമായ ചൂടിലും പുകയിലും രക്ഷപ്പെടാനായില്ല. വീടിന്റെ അടുക്കളയിലുണ്ടായിരുന്ന ഒന്നിലധികം നിറച്ച ഗ്യാസ് സിലിണ്ടറുകൾ കനത്ത ചൂടിൽ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന പത്ത് പേരിൽ മൂന്ന് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.

എന്നാൽ, തീപിടിത്തത്തിനിടെ കാണാതായ ഒരു കുഞ്ഞിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വീടിന്റെ വാതിലുകളിൽ ഇലക്ട്രോണിക് ലോക്കുകൾ സ്ഥാപിച്ചിരുന്നത് തീപിടിത്ത സമയത്ത് പുറത്തിറങ്ങുന്നതിന് വീട്ടുകാർക്ക് തടസ്സമായെന്ന് നിരീക്ഷിക്കപ്പെടുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top