കൊച്ചി: പാചകവാതക ക്ഷാമ പ്രതിസന്ധി തുടരുന്നതിനിടെ മാർച്ച് 23 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. 23ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിരവധി ഹോട്ടലുകളുടെ പ്രവർത്തനത്തെ പാചകവാതക ക്ഷാമം ബാധിച്ചിട്ടുണ്ട്.
ഹോട്ടലുകളെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. ഹോട്ടലുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ എണ്ണക്കമ്പനികളുടെ ബോട്ട്ലിങ് പ്ലാൻ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യണമെന്ന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടും മുന്‍ഗണനാ പട്ടികയില്‍ ഹോട്ടലുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമായിട്ടുപോലും കേന്ദ്രം നിസ്സംഗത പുലര്‍ത്തുകയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി ജയപാലും ജനറല്‍ സെക്രട്ടറി എന്‍ അബ്‌ദുള്‍ റസാഖും പ്രസ്‌താവനയിൽ പറഞ്ഞു.
അതേസമയം എറണാകുളം ജില്ലയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ഇന്ധന കമ്പനി പ്രതിനിധികളെയും വിതരണക്കാരെയും ഉപയോക്താക്കളെയും സംഘടിപ്പിച്ചുകൊണ്ട് ചേർന്ന യോഗത്തിൽ ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്തി.
മുൻഗണനാ അടിസ്ഥാനത്തിൽ ആശുപത്രികൾ, സ്കൂളുകൾ, സാമൂഹ്യനീതി വകുപ്പിൻ്റെകീഴിൽ വരുന്ന ക്ഷേമ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിനായി കേരള എൽപിജി സപ്ലൈ ട്രാക്കർ എന്ന പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഇന്ധന കമ്പനി പ്രതിനിധികൾ, വിതരണക്കാർ, ഉപയോക്താക്കൾ എന്നിവർക്ക് ഈ പോർട്ടലിൽ ആക്സസ് (പ്രവേശനം) ഉണ്ടായിരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുൻഗണനാക്രമം നിശ്ചയിച്ച് സിലിണ്ടറുകൾ അനുവദിക്കുന്നത്.
