വാഷിങ്ടൺ: അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവർക്ക് വാഗ്ദാനവുമായി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ്. അനധികൃതമായി താമസിക്കുന്ന വിദേശികൾ സ്വയം നാടുവിടാൻ സന്നദ്ധമായാൽ സാമ്പത്തിക സഹായമായി 2,600 ഡോളർ (ഏകദേശം 2.15 ലക്ഷം രൂപ) നൽകുമെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ വാഗ്ദാനം. അനധികൃത കുടിയേറ്റക്കാരെ സ്വയം നാടുവിടാൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് ഇത്തരത്തിലൊരു വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുന്നത്. 2,600 ഡോളർ സാമ്പത്തിക സഹായത്തിന് പുറമേ, ജന്മനാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് എക്സിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ആകർഷിക്കുന്നതിനായി താജ്മഹൽ പോലുള്ള സാംസ്കാരിക ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പരസ്യപ്രചാരണമാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് നടത്തിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ചൈന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
എക്സിൽ പങ്കുവെച്ച പരസ്യചിത്രങ്ങളിൽ ഒന്നിലാണ് താജ്മഹലിൻ്റെ ചിത്രവും അതിൽ ‘ഫ്ലൈ ടു ഇന്ത്യ ഫോർ ഫ്രീ’ എന്നും എഴുതിയിട്ടുള്ളത്. കസ്റ്റംസ് ആൻ്റ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഹോം ആപ്പിൽ രജിസ്റ്റർ ചെയ്ത് സ്വയം നാടുവിടാമെന്നും സൗജന്യ വിമാന ടിക്കറ്റും 2,600 ഡോളറും നേടാമെന്നും ചിത്രത്തിലുണ്ട്.
അമേരിക്കയിൽ ഒരുവശത്ത് കടുത്ത അനധികൃത കുടിയേറ്റ വിരുദ്ധ നടപടികൾ നടക്കുന്നതിനിടെയാണ് മറുവശത്ത് സ്വയം നാടുവിടാനുള്ള അവസരവും ഒരുക്കുന്നത്. നിർബന്ധിതമായി നാടുകടത്തപ്പെടുന്നതിനേക്കാൾ അന്തസ്സുള്ളതും ലാഭകരവുമായ മാർഗമാണിതെന്നാണ് സർക്കാർ വാദം. ഇതുവഴി നാടുകടത്തൽ നടപടികൾക്കായി ചെലവാകുന്ന വൻ തുക ലാഭിക്കാനും തടങ്കൽ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ കരുതുന്നു.
