മസ്കറ്റ്: തെക്കൻ ഇറാനിൽ ഒരു പ്രധാന എണ്ണപ്പാടത്തിന് സമീപം രണ്ട് ഡ്രോണുകൾ വീണ് അപകടം. സൊഹാർ പ്രവിശ്യയിലാണ് ഡ്രോണുകൾ തകർന്നുവീണത്. ഒന്ന് തുറസ്സായ സ്ഥലത്ത് വീണെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, മറ്റൊന്ന് അൽ ഔഹി ഇൻഡസ്ട്രിയൽ സോണിൽ ഇടിച്ചുകയറി രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു. ഒമാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പലർക്കും പരിക്കേറ്റതയാണ് വിവരങ്ങൾ. ദുബായിലും ഇന്ന് ഡ്രോൺ അവശിഷ്ടങ്ങൾ വീണു.
പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ ഇന്ധന ടാങ്കറായ കെ.സി -135 തകർന്നു വീണു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ബ്രിക്സ് കൂട്ടായ്മയുടെ ഇടപെടൽ ഇറാൻ തേടി. ഒമാനിൽ ഇതുവരെ നടന്ന ആക്രമണങ്ങളൊന്നും തങ്ങൾ നടത്തിയതല്ലെന്നാണ് ഇറാൻ പറയുന്നത്. ഇന്ന് നടന്ന ആക്രമണം വ്യവസായ മേഖലയിലേക്കാണ്.
സൗദിയിലേക്ക് നിരന്തരമായ ആക്രമണമാണ് നടക്കുന്നത്. പടിഞ്ഞാറൻ ഇറാഖിൽ രണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങൾ അപകടത്തിൽ പെട്ടത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനം തകർന്നുവീണു. രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ്റെ അവകാശവാദം.
ഇറാനുമായി തുടർച്ചയായി സംസാരിക്കുന്ന ഇന്ത്യ, ഇന്നും വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ബ്രിക്സ് ഉൾപ്പടെ സ്വാധീന ശേഷിയുള്ള കൂട്ടായ്മകൾ ഇറാനെതിരായ ആക്രമണങ്ങളെ അപലപിക്കുകയും സമാധാനത്തിനായി ഇടപെടുകയും ചെയ്യണമെന്ന് എസ്. ജയശങ്കറോട് അബ്ബാസ് അരഗ്ച്ചി ആവശ്യപ്പെട്ടു.
അതേസമയം ഗൾഫ് രാജ്യങ്ങൾക്കും ചില അറബ്, മുസ്ലീം രാജ്യങ്ങൾക്കുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള കുവൈത്ത് പ്രതിനിധി അപലപിച്ചു. സാമൂഹ്യ സുരക്ഷക്കും അടിസ്ഥാന അവകാശങ്ങൾക്കും മേലുള്ള ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് തേർഡ് സെക്രട്ടറി അബ്ദുറഹ്മാൻ അൽ ഹാഷിം മുന്നറിയിപ്പ് നൽകി. സംഘർഷത്തിൽ കക്ഷിരാഷ്ട്രങ്ങളെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ഉണർത്തി.
