തിരുവല്ല: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ . മെയ് ഒൻപതിന് വോട്ട് എണ്ണുമ്പോൾ യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് സംശയമില്ലെന്നും പിജെ കുര്യൻ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ പ്രസംഗിക്കവെ രമേശ് ചെന്നിത്തലയും വേദിയിൽ ഇരുത്തിയാണ് പിജെ കുര്യന്റെ പ്രസ്താവന.
“എന്തായാലും മെയ് ഒൻപതിന് നമ്മൾ ജയിക്കും. നമ്മൾ ജയിച്ചാൽ മുഖ്യമന്ത്രി ഇവിടെ ഇരിക്കുന്ന രമേശ് ആയിരിക്കും. എനിക്ക് സംശയമില്ല, രമേശ് പറയും പാർട്ടി ആണ് തീരുമാനിക്കുന്നതെന്ന്. ഇപ്പോൾ രമേശിൻ്റെ വലതുവശത്ത് വർഗീസ് മാമൻ ഇരിക്കുന്നതുപോലെ അസംബ്ലിയിലും രമേശിൻ്റെ അടുത്ത് വർഗീസ് മാമൻ ഉണ്ടാകും”- പിജെ കുര്യൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ കണ്ടെത്തുന്നത് അടുത്ത തർക്കത്തിന് വഴിയൊരുക്കുമെന്ന വിമർശനങ്ങൾക്കിടെയാണ് പാർട്ടിയുടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്തെത്തുന്നത്. ചെന്നിത്തലയെ പിന്തുണച്ച് കെ സുധാകരനും രംഗത്തെത്തിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാട് വ്യക്തമാക്കിയ സുധാകരൻ, ചെന്നിത്തല മുതിർന്ന നേതാവാണെന്നും കാര്യങ്ങൾ പക്വതയോടെ ചെയ്യാൻ കഴിവുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ , എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർക്കും മുഖ്യമന്ത്രിക്കസേരയിലേക്ക് പിന്തുണയുണ്ട്. എന്നാൽ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ മത്സരമില്ലെന്നാണ് വിഡി സതീശൻ്റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കങ്ങളോ കലഹങ്ങളോ ഇല്ല. എഐസിസിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഒരു വ്യക്തിയെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നുമാണ് ഇതുസംബന്ധിച്ച വിഡി സതീശൻ്റെ പ്രതികരണം.
