തിരുവനന്തപുരം : വിഴിഞ്ഞം നാവായിക്കുളം ഔട്ടർറിംഗ് റോഡ് നിർമ്മാണം ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിൽ ഭൂമി വിട്ടുനൽകാൻ തയ്യാറായ കുടുംബങ്ങൾ. 24 വില്ലേജുകളിലായി കഴിയുന്ന 6,500 കുടുംബങ്ങളാണ് പദ്ധതി നീളുന്നതു കാരണം ബുദ്ധിമുട്ടുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
പദ്ധതിക്കായി ഏറ്രെടുക്കേണ്ട 314 ഹെക്ടർ ഭൂമിയിൽ 100 ഹെക്ടർ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള 3ഡി വിജ്ഞാപനം അന്തിമഘട്ടത്തിലാണ്. ബന്ധപ്പെട്ട രേഖകളെല്ലാം ഭൂ ഉടമകൾ അധികാരികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ ഇതുവരെ ഒരു പുരോഗതിയുമില്ല. മൂന്ന് വർഷത്തിലധികമായി നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ് ഇവർ. ഇതിനിടെ ദേശീയപാത അതോറിട്ടിയുടേയും റവന്യൂ ഉദ്യോഗസ്ഥരുടേയും ഓഫീസുകളിൽ നിരന്തരം ഭൂഉടമകൾ കയറിയിറങ്ങി.
ഭൂമി ഇടപാടുകളൊന്നും നടക്കാത്തതിൽ നിരവധി പെൺകുട്ടികളുടെ വിവാഹം മുടങ്ങിയ സംഭവങ്ങളുണ്ടായെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. ഭൂമിയിൽ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്. ചില പ്രഖ്യാപനങ്ങൾ നടത്തുകയും വികസനത്തെപ്പറ്റി സംസാരിക്കുകയും ചെയ്യുന്ന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ നാട്ടുകാർക്കൊപ്പം നിൽക്കുന്നില്ലന്നാണ് പരാതി.
ഭൂമി ഏറ്റെടുക്കാൻ ദേശീയപാത നിയമപ്രകാരമുള്ള പ്രാഥമിക വിജ്ഞാപനമായ 3എ വിജ്ഞാപനം ഒന്നിലധികം തവണ പുറത്തിറക്കിയിരുന്നു. 3 ഡിയിലേക്ക് എത്താത്ത ബാക്കി പ്രദേശങ്ങൾക്കായുള്ള പ്രാഥമിക വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ 2024 നവംബറിൽ വീണ്ടും വിജ്ഞാപനമിറക്കി. ഇതിന്റെ കാലാവധി കഴിഞ്ഞ നവംബറിൽ അവസാനിച്ചു.
