എടക്കര : ‘വാണിയമ്പുഴ മലപ്പുറം ജില്ലയിലും മുണ്ടക്കൈ, ചൂരൽമല വയനാട് ജില്ലയിലും ആണെങ്കിലും രണ്ടും കേരളത്തിൽ തന്നെയല്ലേ?’:– മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ഊരിലെ ആദിവാസികളുടെ ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇവരെ പ്രേരിപ്പിച്ചത് പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന അവഗണനയാണ്. മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ആദിവാസി ഊരിൽനിന്നു കാട്ടിലൂടെ 10 കിലോമീറ്റർ ദൂരം നടന്നാൽ മുണ്ടക്കൈയിലും ചൂരൽമലയിലുമെത്താം. ആനക്കൂട്ടം വഴിമുടക്കിയില്ലെങ്കിൽ, കുമ്പളപ്പാറയും പരപ്പൻപാറയും കടന്ന് ഒന്നര മണിക്കൂർ അതല്ലെങ്കിൽ രണ്ടു മണിക്കൂർ സമയം മതി. 10 കിലോമീറ്ററിനുള്ളിലാണ്, പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിച്ചതെന്ന് ഇവരുടെ ആരോപണം.
