ആശുപത്രിക്കവല-ചെറുവാരക്കോണം റോഡിൽ അനധികൃത പാർക്കിങ് – Village News TV

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 


പാറശ്ശാല : ആശുപത്രിക്കവല മുതൽ ചെറുവാരക്കോണം വരെ റോഡിന് ഇരുവശവും അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആശുപത്രിക്കവല മുതൽ മഹാദേവർക്ഷേത്രം വരെയുള്ള പ്രദേശത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്. റോഡിന് വീതി കുറവായ ഈ മേഖലയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീടുകളിൽ രോഗികളെത്തുന്ന വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങളുമാണ് പാർക്ക് ചെയ്യുന്നത്. വീതികുറഞ്ഞ ഈ റോഡിൽ ഇരുവശത്തുനിന്നും വലിയ വാഹനങ്ങളെത്തിയാൽ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്.

രോഗികൾ ഏറെയെത്തുന്ന വൈകുന്നേരങ്ങളിൽ പലപ്പോഴും ഗതാഗതക്കുരുക്ക് ആശുപത്രിക്കവലയും താണ്ടി കരമന കളിയിക്കാവിള പാതയിലുമെത്തുന്നുണ്ട്. കാരോട് മുക്കോല ബൈപ്പാസ് വഴി എത്തുന്ന വലിയ ടിപ്പർ ലോറികളും ഈ പാതയിൽ എത്തുന്നതോടെ കുരുക്ക് രൂക്ഷമാകും.

അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മാറ്റുവാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടാൽപോലും ഫലമില്ല. ഇത് പലപ്പോഴും വാക്കേറ്റങ്ങൾക്കു കാരണമാകുന്നുണ്ട്.

പാറശ്ശാല ടൗൺ മേഖലയെ പൂർണമായും വലിയ ഗതാഗതക്കുരുക്കിലാക്കുന്ന ഇത്തരം അനധികൃത പാർക്കിങ്ങിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.


Post Views: 1




Leave a Reply

Your email address will not be published. Required fields are marked *

Back To Top