കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ ആദ്യഘട്ടം ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിലെ 102 വീടുകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരുടെയും കിഫ്‌കോൺ അധികൃതരുടെയും സംയുക്തപരിശോധന തിങ്കളാഴ്ച തുടങ്ങും.
പൂർണമായും നിർമാണപ്രവൃത്തികൾ പൂർത്തിയായ വീടുകളിലാണ് സംയുക്ത പരിശോധന നടത്തുന്നത്. വീട് ഗുണഭോക്താവിന് താമസിക്കാനായി കൈമാറുന്നതിന് മുൻപ് വീട്ടുകാരെയും ഉൾപ്പെടുത്തിക്കൊണ്ട് വീണ്ടും പരിശോധന നടത്തും. വീടുകൾക്ക് ഒരുതരത്തിലുമുള്ള നിർമാണഅപാകവും ഇല്ലെന്ന് ഉറപ്പിക്കാനാണ് ഇത്തരത്തിൽ മൂന്നുഘട്ടമായി പരിശോധന നടത്തുന്നത്.
ആദ്യം യു.എൽ.സി.സി.എസ്. അധികൃതർ പരിശോധന നടത്തും. ശേഷമാണ് കിഫ്‌കോൺ അധികൃതരുമായി ചേർന്നുള്ള പരിശോധന.
മൂന്നാംഘട്ട പരിശോധനയിലാണ് വീടിന്റെ ഗുണഭോക്താക്കളായവരെയും ഉൾപ്പെടുത്തുന്നത്. യു.എൽ.സി.സി.എസ്. അധികൃതർ നടത്തിയ പരിശോധനയിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയ വീടുകളിൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗം അടയാളപ്പെടുത്തി അപ്രോക്‌സി പ്രഷർ ഗ്രൗട്ടിങ് നടത്തിയിട്ടുണ്ട്. ശേഷം വാട്ടർപ്രൂഫും സ്‌ക്രീഡ് കോൺക്രീറ്റിങ്ങും നടത്തും.
