തിരുവനന്തപുരം: ശരീരത്തെ പൊള്ളിക്കും വിധം പകൽ തീവെയിൽ. തണുപ്പ് ലവലേശം അനുഭവപ്പെടാത്ത രാത്രി താപനില. പുലർച്ചെ പോലും വിയർത്തൊലിക്കുന്ന സ്ഥിതി. എ.സിക്കും ഫാനിനും തണുപ്പിക്കാനാവാത്ത കടുത്ത ചൂട്. ലോകത്തെ മികച്ച കാലാവസ്ഥയുള്ള ഭൂപ്രദേശമെന്ന പെരുമ നഷ്ടപ്പെടുന്നവിധം അസാധാരണ കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാണ് കേരളം.
പകലും രാത്രിയും വീശിയിരുന്ന കാറ്റിൽ വന്ന കുറവും വേനൽമഴ ശക്തമല്ലാത്തതുമാണ് കാരണം. ഉഷ്ണതരംഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന് സമാനമാണ് പകൽചൂട്. പകൽ വെയിലേറ്റ് തിളയ്ക്കുന്ന കെട്ടിടങ്ങൾ രാത്രിയിലും തണുക്കാത്തതു കാരണം വീടുകളിൽ ഇരിക്കാനാവുന്നില്ല. പാലക്കാട്ടാണ് ഏറ്റവുമധികം ചൂട്. ഈ മാസം മൂന്ന് ദിവസങ്ങളിൽ 40 ഡിഗ്രിയിലെത്തി.
രാപകൽ വ്യത്യാസമില്ലാതെ ഫാനും എ.സിയും പ്രവർത്തിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെക്കാൾ പ്രതിദിനം എട്ട് ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഉപഭോഗം. ഇതുമൂലം ചിലയിടങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗും വേണ്ടിവരുന്നു.
മാർച്ച് ഒന്നുമുതൽ ഏപ്രിൽ 19വരെ 95.6 മി.മീറ്റർ വേനൽമഴയാണ് ലഭിക്കേണ്ടത്. കിട്ടിയത് 59 മി.മീറ്റർ. 38%ത്തിന്റെ കുറവ്. ഏറ്റവും കുറവ് പാലക്കാട്ട്- 63%. അധികമഴ ലഭിച്ചത് കോഴിക്കോട്ട് മാത്രം- 22%. അതിനിടെ, ചില ജില്ലകളിൽ ഇന്നലെ വേനൽമഴ ലഭിച്ചത് നേരിയ ആശ്വാസമായി.
