ഝാർഖണ്ഡിൽ എക്സൈസ് കോൺസ്റ്റബ്ൾ പരീക്ഷ ചോദ്യപേപ്പർ ചോർന്നു; 159 ഉദ്യോഗാർഥികൾ പിടിയിൽ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ഝാർഖണ്ഡിൽ എക്സൈസ് കോൺസ്റ്റബ്ൾ പരീക്ഷ ചോദ്യപേപ്പർ ചോർന്നു; 159 ഉദ്യോഗാർഥികൾ പിടിയിൽ

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ എക്സൈസ് കോൺസ്റ്റബ്ൾ റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ പൊലീസിന്റെ പിടിയിൽ. റാഞ്ചിയിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽനിന്ന് 159 ഉദ്യോഗാർഥികളെ കസ്റ്റഡിയിലെടുത്തു. പ്രധാന ചോദ്യപേപ്പർ റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. പരീക്ഷക്ക് മുൻപ് ഉദ്യോഗാർഥികളെ എത്തിച്ച് ചോദ്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

താമർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റാർഗാവിലെ ഒരു സ്ഥലത്ത് ​ഉദ്യോഗാർഥികൾ ഒത്തുകൂടിയിട്ടുണ്ടെന്നും പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പർ ഇവർക്ക് ലഭിച്ചെന്നുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന. തുടർന്ന് നടത്തിയ റെയ്ഡിൽ നാല് സെറ്റ് ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പൊലീസ് കണ്ടെടുത്തു. പ്രാഥമിക പരിശോധനയിൽ കണ്ടെടുത്ത ചോദ്യപേപ്പറുകൾ യഥാർഥ പരീക്ഷയുടെ ചോദ്യപേപ്പറുകളുമായി സാമ്യമുള്ളതാണെന്ന് ​പൊലീസ് പറഞ്ഞു. 120 ചോദ്യങ്ങളുള്ള പരീക്ഷയിൽ ഖോർത്ത ഭാഷയിലെ ചോദ്യങ്ങളാണ് ചോർന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചതായി ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറും റാഞ്ചി ഡെപ്യൂട്ടി കമീഷണറും റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ടും പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചോദ്യപേപ്പർ റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ അതുൽ വാട്‌സാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഇയാൾ സമാനമായ പരീക്ഷാ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. ഉദ്യോഗാർഥികളുമായി 15ലക്ഷം രൂപയുടെ കരാറാണ് ​റാക്കറ്റിനുണ്ടായിരുന്നത്. ഓപ്പറേഷന്റെ ഭാഗമായി പ്രതികൾ ഉദ്യോഗാർഥികളിൽ നിന്ന് അഡ്മിറ്റ് കാർഡുകളും മറ്റ് രേഖകളും ശേഖരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത 159 ഉദ്യോഗാർഥികളെയും പരീക്ഷകളിൽ നിന്ന് വിലക്കുമെന്ന് ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമിഷൻ ചെയർമാൻ പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും ​പൊലീസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top