തിരുവനന്തപുരം: വേനലവധി ആഘോഷിക്കാൻ നഗരത്തിലെ പാർക്കുകളിൽ കുട്ടിപ്പട്ടാളങ്ങളുടെ തിരക്കാണ്. മൊബൈൽ ഗെയിമുകളും ഡിജിറ്റൽ സ്ക്രീനുകളും ഉപേക്ഷിച്ച് ഊഞ്ഞാലുകളിലും സ്ലൈഡുകളിലും മിനി റൈഡുകളിലും വലിഞ്ഞുക്കയറി ഉല്ലസിക്കുകയാണ് ഓരോ കുരുന്നുകളും. രാവിലെ മുതൽ വൈകിട്ട് വരെ പാർക്കുകളിൽ പല ഇടങ്ങളിലും നീണ്ട നിരയും തിരക്കുമാണ്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പാർക്കുകളിൽ സമയം ചെലവഴിക്കുന്നത് കുടുംബസമേതം വിനോദത്തിനുള്ള അവസരമായി മാറി. വേനൽ കടുത്തതോടെ രാവിലെ 7മുതൽ 10വരെയും വൈകിട്ട് 4മുതൽ 8 വരെയും ആണ് കൂടുതൽ പേരും പാർക്കിലെത്തുന്നത്. തിരക്ക് കണക്കിലെടുത്ത് അധികൃതർ പാർക്കിൽ സുരക്ഷാ സംവിധാനങ്ങളും ശുചിത്വ നടപടികളും ശക്തമാക്കി. കുടിവെള്ള സൗകര്യവും മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികളും ചില പാർക്കുകളിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം, വെറും കളിയിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്തവണത്തെ അവധിക്കാലം.
ചില പാർക്കുകളിൽ പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തിൽ മാജിക് ഷോ, ബലൂൺ ആർട്ട്, മ്യൂസിക് ഷോ എന്നിവയും കാണാം. മ്യൂസിയം, കനകക്കുന്ന്, ആക്കുളം, ടൂറിസ്റ്റ് വില്ലേജ്, ശംഖുംമുഖം തുടങ്ങിയ ഇടങ്ങളിലാണ് കുട്ടിപ്പട്ടാളത്തിന്റെ തിരക്കേറെയുള്ളത്.
