പശ്ചിമേഷ്യൻ യുദ്ധത്തിൽ പാകിസ്താനിൽ വെച്ചുനടക്കുന്ന മധ്യസ്ഥ ചർച്ചയിൽ അമേരിക്കയെ പൂർണമായും വിശ്വസിക്കാനാകില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബാക്കിർ ഖാലിബാഫ്. മുൻപ് നടന്ന ചർച്ചകൾക്കിടെ യുഎസ് ഇറാനിൽ നടത്തിയ ആക്രമണങ്ങൾ മുൻനിർത്തിയാണ് സ്‌പീക്കറുടെ പ്രതികരണം. അതേസമയം, സംഘർഷം ലഘൂകരിക്കുന്നതിനായുള്ള നല്ല തീരുമാനങ്ങളെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളുള്ളതെന്നും ഖാലിബാഫ് പറഞ്ഞു.
‘മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ ഒന്നിലധികം തവണ ഇറാന് നേരെ ആക്രമണം അഴിച്ചുവിട്ടവരാണ് അമേരിക്ക, അതും കഴിഞ്ഞ ഒരു
വർഷത്തിൽ ഒന്നിലധികം തവണ. ചർച്ചകളിൽ ഇറാൻ പ്രതിനിധികൾ കാണിച്ച വിശ്വാസവും സഹകരണവും കണക്കിലെടുക്കാതെ ആക്രമണം തുടർന്നത് യുദ്ധക്കുറ്റം തന്നെയാണ്. മധ്യസ്ഥ ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ട്. എങ്കിലും, അമേരിക്കയെ ഞങ്ങൾ വിശ്വസിക്കുന്നില്ല’. ഖാലിബാഫിനെ ഉദ്ദരിച്ച് പാകിസ്‌താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇറാന്റെ അവകാശങ്ങൾ മാനിച്ചുകൊണ്ടുള്ള കരാറിന് അമേരിക്ക തയ്യാറാവുകയാണെങ്കിൽ സഹകരിക്കാൻ തങ്ങളും ഒരുക്കമാണെന്നും, മറിച്ച് ആക്രമിക്കാനാണ് നീക്കമെങ്കിൽ ഏത് പ്രത്യാക്രമണങ്ങൾക്കും ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനുമായി കരാർ രൂപപ്പെടുമോയെന്ന കാര്യം ഇന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചു. ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടാൽ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ന് വൈകിട്ടോടെ വെടിനിർത്തൽ കരാർ സംബന്ധിച്ച് കൂടുതൽ
വ്യക്തതയിലെത്തുമെന്ന് മധ്യസ്ഥ രാജ്യമായ പാകിസ്‌താൻ അറിയിച്ചു
