സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് പുലർച്ചെ തകർത്തത് 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. മിസൈലുകൾ തകർക്കപ്പെട്ടതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രധാനപ്പെട്ട ഊർജ്ജ നിലയങ്ങളുടെ പരിസര പ്രദേശങ്ങളിൽ പതിച്ചിട്ടുണ്ട്. സംഭവത്തിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം അധികൃതർ വിശദമായി വിലയിരുത്തി വരികയാണ്.

ആക്രമണത്തെത്തുടർന്ന് കിഴക്കൻ പ്രവിശ്യയിൽ ജനങ്ങൾക്ക് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി നൽകിയ ഈ നിർദ്ദേശം അപകടസാധ്യത ഒഴിഞ്ഞതായി ഉറപ്പുവരുത്തിയ ശേഷമാണ് പിൻവലിച്ചത്. ജനങ്ങൾ ജനലുകളിൽ നിന്ന് അകന്ന് കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും, പുറത്തിറങ്ങരുതെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു. ബാൽക്കണികളിലോ മേൽക്കൂരകളിലോ നിൽക്കരുതെന്നും ദൃശ്യങ്ങൾ പകർത്താനായി അപകടസ്ഥലങ്ങളിൽ തടിച്ചുകൂടരുതെന്നും സുരക്ഷാ സേന കർശന നിർദ്ദേശം നൽകി.

സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇതുവരെയുള്ള ആക്രമണശ്രമങ്ങളിലായി ഏകദേശം 903 ഡ്രോണുകളും 83 ബാലിസ്റ്റിക് മിസൈലുകളും 9 ക്രൂയിസ് മിസൈലുകളും വ്യോമ പ്രതിരോധ സേന തകർത്തിട്ടുണ്ട്. റിയാദ്, കിഴക്കൻ മേഖല എന്നിവ കേന്ദ്രീകരിച്ചാണ് ശത്രുനീക്കങ്ങളിൽ ഭൂരിഭാഗവും നടന്നിട്ടുള്ളത്. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top