മംഗളൂരു: അമേരിക്കയിൽ നിന്ന് എൽപിജിയുമായി കപ്പൽ എത്തിയതിന് പിന്നാലെ റഷ്യൻ എണ്ണ ടാങ്കറും മംഗളൂരു തീരത്തെത്തി. മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ( എംആർപിഎൽ ) ചാർട്ടേഡ് ചെയ്ത റഷ്യൻ എണ്ണ ടാങ്കറാണ് ഞായറാഴ്ച ഇന്ത്യൻ തീരത്ത് എത്തിയത്. എംടി അക്വാ ടൈറ്റൻ എന്ന കപ്പലാണ് ഓയിലുമായി എത്തിയിരിക്കുന്നത്. അറബിക്കടലിൽ മംഗലാപുരം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ കപ്പൽ നങ്കൂരമിട്ടതായി അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര ഊർജ്ജ വിപണികൾ അസ്ഥിരമായി തുടരുന്നതിനിടയിലാണ് ഇന്ത്യയിലേക്ക് ചരക്ക് കപ്പലുകൾ എത്തുന്നതെന്നത് രാജ്യത്തിന് ആശ്വാസമേകുന്ന കാര്യമാണ്. ഹോർമുസ് കടലിടുക്ക് വഴി ചരക്ക് നീക്കത്തിൽ അനിശ്ചിതത്വം തുടരവെയാണ് റഷ്യയിൽ നിന്നുള്ള കപ്പൽ മംഗളൂരുവിലെത്തിയത്. നേരത്തെ അമേരിക്കയിൽ നിന്ന് എൽപിജയിയുമായുള്ള കപ്പലും ന്യു മംഗളൂരു തുറമുഖത്തേക്ക് എത്തിയിരുന്നു.
രാജ്യത്ത് എൽപിജി ക്ഷാമം തുടരുന്നതിനിടെയാണ് 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ ഇന്ത്യൻ തീരത്തെത്തിയത്. യുഎസിൽ നിന്ന് തന്നെയാണ് ദ്രവീകൃത പെട്രോളിയം വാതകവുമായി ചരക്ക് കപ്പൽ എത്തിയത്. ടെക്സസിലെ നെദർലാൻഡിൽ നിന്നാണ് സിങ്കപ്പൂർ പതാകയുള്ള പൈക്സിസ് പയനിയർ എന്ന ചരക്ക് കപ്പൽ എത്തിയത്.
