കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനനെയാണ് കണ്ണൂരിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. നേരത്തെ സുധാകരനൊപ്പമായിരുന്ന വേണുഗോപാൽ സമീപകാലത്ത് വേണുഗോപാൽ ഗ്രൂപ്പിനൊപ്പമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കും താൻ നിർദേശിക്കുന്നു ആളുകൾക്കും സീറ്റ് നല്കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. കെ. സുധാകരന് സീറ്റ് കൊടുത്താൽ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യഘട്ടം ഡൽഹിയിൽ നടന്ന ചർച്ചയിൽ എംപിമാർ മത്സരിക്കേണ്ടന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തുടർന്ന്, കണ്ണൂർ നടാലിലെ വീട്ടിലെത്തി വൈകാരികമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുധാകരന്റെ വൈകാരിക പ്രതികരണത്തിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഇതിനിടയിൽ, ഡൽഹിയിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു.
തനിക്ക് സീറ്റില്ലെങ്കിൽ താൻ നിർദേശിക്കുന്ന ആളുകൾക്ക് സീറ്റ് നല്കണമെന്നായിരുന്നു സുധാകരന്റെ പ്രധാന നിർദേശം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് വീണ്ടും ഡൽഹിക്ക് പോയത്. എന്നാൽ, പാർട്ടി നേതൃത്വം വഴങ്ങാതെ വന്നതോടെയാണ് സുധാകരൻ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന് സൂചനകൾ വന്നത്. ഇന്ന് പന്ത്രണ്ടിന് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിരുന്നു.
