കുന്നത്തുകാൽ: അരുവിപ്പുറം ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ നടന്ന സാംസ്‌കാരിക സമ്മേളനവും 39-ാമത് ആയയിൽ വിളക്കുകെട്ടുഘോഷയാത്രയും, അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്‌ഘാടനം ചെയ്തു.വൈകിട്ട് 3ന് പെരുമ്പഴുതൂരിലേക്ക് എഴുന്നള്ളിച്ച ദേവിയെ താത്കാലിക പന്തലിൽ ഇരുത്തിയശേഷമായിരുന്നു സമ്മേളനം നടന്നത്. ട്രസ്റ്റ് പ്രസിഡന്റ് എസ്.കെ.ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ അഡ്വ.എസ്.കെ.അശോക് കുമാർ സ്വാഗതം പറഞ്ഞു.എ.ആർ.റഹീം മുഖ്യപ്രഭാഷണം നടത്തി. കെ.അൻസലൻ എം.എൽ.എ, വിനോദ്‌സെൻ, ജോസ് ഫ്രാങ്ക്ളിൻ, അരുവിപ്പുറം ശ്രീകുമാർ, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല, ദീപു പായിത്തല, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഘോഷയാത്ര രാത്രി വൈകി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.രാത്രി 8ന് സിനിമാറ്റിക് ഡാൻസ്, ഗാനമേള, പുലർച്ചെ 3ന് പൂജയും വിളക്കിനെഴുന്നള്ളത്തും, പുഷ്പവൃഷ്ടിയും ഭക്തി സാന്ദ്രമാക്കി. ഇന്ന് രാവിലെ 9ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, 9.45ന് പൊങ്കാല, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 4മുതൽ താലപ്പൊലി, കുത്തിയോട്ടം, കുംഭകുടം, കാവടി, ഉരുൾനേർച്ച, രാത്രി 9.30ന് കാവിൽ കൊട,10ന് ഗുരുസിതർപ്പണം,12ന് ആറാട്ടിനെഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.
