ന്യൂഡൽഹി: വരാനിരിക്കുന്ന മണ്ഡല പുനർനിർണ്ണയ പ്രക്രിയയിൽ സീറ്റുകൾ നഷ്ടപ്പെടുമെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിമർശനം തള്ളി കേന്ദ്രസർക്കാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ആനുപാതികമായി നേട്ടമുണ്ടാകുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. കേരളത്തിൽ നിലവിൽ 20 സീറ്റുകൾ ഉള്ളത് 30 ആയി ഉയരുമെന്നാണ് മന്ത്രി പ്രതികരിച്ചത്.
1971 ലെ സെൻസസ് മുതൽ ദക്ഷിണേന്ത്യയിലെ ജനസംഖ്യ വടക്കേ ഇന്ത്യയിലേതുപ്പോലെ വർദ്ധിച്ചിട്ടില്ലെന്നും എന്നിരുന്നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കിരൺ റിജിജു ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ ഓരോ എംപിയും ഏകദേശം 25 മുതൽ 27 ലക്ഷം വരെ ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് ലോകത്തിലെ പല ചെറിയ രാജ്യങ്ങളുടെയും ജനസംഖ്യയുമായി നോക്കുമ്പോൾ വലിയ ഭാരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 1971 ൽ 60 കോടിയിൽ താഴെയായിരുന്ന ഇന്ത്യയിലെ ജനസംഖ്യ ഇന്ന് 140 കോടി കടന്ന സാഹചര്യത്തിൽ സീറ്റുകളുടെ വർദ്ധനവ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ പുനർനിർണ്ണയത്തിൽ സീറ്റുകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ നിലവിലെ 20 ൽ നിന്ന് 30 ആയി ഉയരും. അതുപോലെ തമിഴ്‌നാടിന് 39ൽ നിന്ന് 59 സീറ്റുകളാകും കർണ്ണാടകയ്ക്ക് 28 സീറ്റുകൾ 42 സീറ്റുകളുമായി ഉയരും. ആന്ധ്രാപ്രദേശിന് 38 സീറ്റുകളും തെലങ്കാനയ്ക്ക് 26 സീറ്റുകളും ലഭിക്കുന്നതോടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും ആകെ ലോക്‌സഭാ വിഹിതം 24 ശതമാനമായി തന്നെ തുടരും. ഇത് സർക്കാരുകളുടെ രൂപീകരണത്തെ ബാധിക്കുന്ന രാഷ്ട്രീയ കണക്കുകളെ മാറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
029 ഓടെ വനിതാ സംവരണം നടപ്പിലാക്കണമെങ്കിൽ ഈ നടപടികൾ ഇപ്പോൾ തന്നെ തുടങ്ങണമെന്ന് ന്ത്രി വിശദീകരിച്ചു. ജാതി തിരിച്ചുള്ള സെൻസസ് പൂർത്തിയാക്കാൻ ഏകദേശം മൂന്ന് വർഷത്തോളം സമയമെടുക്കും. ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പാർലമെൻ്റ് നൽകുന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടായിരിക്കും ഡിലിമിറ്റേഷൻ കമ്മിഷൻ പ്രവർത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
വനിതാ സംവരണം ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അജണ്ടയായി കാണരുതെന്നും മുമ്പ് പാസാക്കിയ ബിൽ നടപ്പിലാക്കുന്നത് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള കേന്ദ്ര നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. നിലവിലെ 543 സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. പകുതി സീറ്റുകൾ വർദ്ധിപ്പിക്കാം എന്നത് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ പോലും പിന്തുണയ്ക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
