ഒരു തുള്ളി പോലും കുടിക്കാത്തയാളായിരുന്നു, എന്നാൽ അവൾ പോയതിന് ശേഷം മുഴുക്കുടിയനായി -ആമിർ ഖാൻ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ബോളിവുഡിലെ ഖാൻ ത്രയങ്ങളിൽ ഒരാളാണ് ആമിർ ഖാൻ. സിനിമകൾ പോലെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ആരാധകർക്കിടയിൽ ചർച്ചയാകുകയും വാർത്തയാകുകയും പതിവാണ്. ആമിറും മുൻഭാര്യ റീനാ ദത്തയും വിവാഹമോചിതരായപ്പോഴും പിന്നീട് ഗൗരി സ്പാട്ടുമായുള്ള പ്രണയം തുറന്നുപറഞ്ഞപ്പോഴുമെല്ലാം അത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ആദ്യഭാര്യയുമായി പിരിഞ്ഞശേഷമുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് താരം.

റീന വീട് വിട്ടുപോയശേഷം താൻ തികഞ്ഞ മദ്യപാനിയായി മാറിയെന്നാണ് ആമിർ ഖാൻ പറയുന്നത്. അതുവരെ ഒരുതുള്ളി മദ്യം പോലും കുടിക്കാത്തയാളായിരുന്നു താൻ. ആ സമയം തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും ആമിർ ഖാൻ പറഞ്ഞു. ഡ്യുവോലോഗ് വിത്ത് ബരുൺ ദാസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റീനയുമായുള്ള ബന്ധം പിരിയുന്നതുവരെ ഞാൻ മദ്യപിക്കാത്ത ഒരാളായിരുന്നു. അവൾ കുട്ടികളേയും കൂട്ടി വീട് വിട്ട് പോയതിന് ശേഷം ആദ്യ ദിവസം ഞാൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ആ സമയം എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതുവരെ ഒരു തുള്ളി മദ്യം പോലും ഞാൻ കഴിച്ചിരുന്നില്ല. ആ രാത്രി അതിഥികൾക്കായി വീട്ടിൽ കരുതിയിരുന്ന മദ്യം ഞാൻ കുടിച്ചു. ഞാനൊരു മദ്യപാനിയായി. അടുത്ത ആറ് മാസം ഞാൻ മുഴുക്കുടിയനായിരുന്നു. ഒരു രാത്രി കൊണ്ട് ഒരു കുപ്പി മുഴുവൻ കുടിച്ചിട്ടുണ്ട്.’ -ആമിർ ഖാൻ പറഞ്ഞു.

അയൽവാസികളായിരുന്ന ആമിർ ഖാനും റീനയും 1986-ലാണ് വിവാഹിതരായത്. ആമിറിന്റെ ആദ്യ ചിത്രം ഖയാമത് സേ ഖയാമത് തകിൽ റീന ചെറിയ വേഷം ചെയ്തിരുന്നു. ഇരുവർക്കും ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. 2002-ലാണ് ആമിറും റീനയും വിവാഹമോചിതരായത്. പിന്നീട് 2005-ൽ അദ്ദേഹം സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. ഇരുവരും 2021-ൽ വിവാഹമോചിതരായി. അതിന് ശേഷമാണ് ആമിർ ഗൗരി സ്പ്രാട്ടുമായി പ്രണയത്തിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top