‘എത്രയും പെട്ടന്ന് ഇറാൻ വിടുക’: ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുള്ള സുരക്ഷിത പാതകൾ ഉപയോഗിച്ച് മാത്രമേ മടക്കം സാധ്യമാക്കാവൂ എന്നും എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിർത്തികളിലേക്ക് പോകാൻ ശ്രമിക്കരുതെന്നും പൗരന്മാർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി നാല് അടിയന്തര ഫോൺ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) cons.tehran@mea.gov.in എന്ന ഇമെയിൽ വിലാസവും ലഭ്യമാക്കിയിട്ടുണ്ട്.

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട ജാഗ്രതാ നിർദേശം പുതുക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച നിർദേശത്തിൽ, 48 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ വീടിനുള്ളിൽതന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കണമെന്നും എംബസി നിർദേശിച്ചിരുന്നു.

സംഘർഷം ആരംഭിച്ച സമയത്തെ കണക്കുകൾ പ്രകാരം ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ട്. അർമേനിയ, അസർബൈജാൻ എന്നീ അയൽരാജ്യങ്ങൾ വഴി 1,862 പേരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ എംബസിക്ക് സാധിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഏതു നിമിഷവും സാഹചര്യം മാറാൻ സാധ്യതയുള്ളതിനാലാണ് പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top