ബിജെപിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ സ്വീകരിക്കും

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

തിരുവനന്തപുരം: എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കില്ലെന്ന വി ഡി സതീശന്റെ നിലപാട് തിരുത്തി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ സ്വീകരിക്കുമെന്ന് എ പി അനില്‍ കുമാര്‍ റിപോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അനില്‍ കുമാറിന്റെ മറുപടി. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏത് രാഷ്ട്രീയ പ്രസ്താനമാണെങ്കിലും അവരുടെ ഇത്തരം കാര്യങ്ങളില്‍, ബിജെപിക്കെതിരേ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങളെ പിന്തുണച്ച് കഴിഞ്ഞാല്‍, ആ പിന്തുണ സ്വീകരിക്കും’. എ പി അനില്‍ കുമാര്‍ വ്യക്തമാക്കി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിന്റെ വി ഡി സതീശനെതിരായ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അത് കണ്ടതിന് ശേഷം പ്രതികരിക്കാമെന്നും ചോദ്യത്തിന് മറുപടിയായി എ പി അനില്‍ കുമാര്‍ പറഞ്ഞു.

ബിജെപിക്ക് ജയസാധ്യതയുള്ള മഞ്ചേശ്വരത്ത് അടക്കം എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. വി ഡി സതീശന്‍ ബിജെപിയുമായുണ്ടാക്കിയ ഡീലിന്റെ ഭാഗമാണ് ഈ നിലപാടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. യുഡിഎഫ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച മഞ്ചേശ്വരത്ത് വി ഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് യുഡിഎഫ് നേതാക്കള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്റെ നിലപാട് യുഡിഎഫ് തീരുമാനത്തിന്റെ ഭാഗമാണെന്ന് വി ഡി സതീശന്‍ പറയുന്നുണ്ടെങ്കിലും മറ്റു യുഡിഎഫ് നേതാക്കളാരും എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഉള്‍പ്പെടെ ബിജെപിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരുടേയും വോട്ട് സ്വീകരിക്കുമെന്നാണ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top